
ദോഹ: പൊതു പാർക്കുകളുടെ പരിപാലനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). ജലവിഭവങ്ങളുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അൽ ഖോറിലെ പ്രമുഖ പാർക്കുകളിൽ അഷ്ഗാൽ അത്യാധുനിക 'സ്മാർട്ട് ജലസേചന സംവിധാനം' (Smart Irrigation System) വിജയകരമായി നടപ്പിലാക്കി. പരമ്പരാഗത രീതികളെ അപേക്ഷിച്ച് ജലഉപയോഗത്തിൽ 25 ശതമാനത്തോളം കുറവ് വരുത്താൻ ഈ സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് അഷ്ഗാൽ വ്യക്തമാക്കി.
അൽ ഖോർ - അൽ ദഖീറ മുൻസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മണ്ണിലെ ഈർപ്പത്തിന്റെ അളവ് തത്സമയം തിരിച്ചറിയുന്ന സെൻസറുകളും ഓട്ടോമേറ്റഡ് കണ്ട്രോൾ സാങ്കേതികവിദ്യയും വഴി, ശുദ്ധീകരിച്ച മലിനജലം (Treated Wastewater) കൃത്യമായ അളവിൽ ആവശ്യാനുസരണം മാത്രം നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. 'ഖത്തർ നാഷണൽ വിഷൻ 2030' മുൻനിർത്തിയുള്ള സുസ്ഥിര വികസനത്തിലേക്കും ഡിജിറ്റൽ പരിവർത്തനത്തിലേക്കുമുള്ള നിർണ്ണായക ചുവടുവെപ്പാണിത്.വെള്ളത്തിന്റെ അപചയം തടയുന്നതിനോടൊപ്പം പരിസ്ഥിതിക്ക് തണലേകുന്ന നിരവധി നേട്ടങ്ങളാണ് ഈ സംവിധാനത്തിലൂടെ കൈവരുന്നത്.ജലസേചനത്തിന് ആവശ്യമായ പമ്പ് സെറ്റുകളുടെ പ്രവർത്തന സമയം കുറയുന്നതിലൂടെ ഊർജ്ജ ഉപഭോഗവും കാർബൺ ഉദ്വമനവും ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നു.സംവിധാനം പൂർണ്ണമായും സ്വയംപ്രേരിതമായി പ്രവർത്തിക്കുന്നതിനാൽ പരിപാലന സമയവും പ്രവർത്തന ചെലവും കുറയുകയും ഉപകരണങ്ങളുടെ ആയുസ്സ് വർദ്ധിക്കുകയും ചെയ്യുന്നു.സാങ്കേതികവിദ്യയും പ്രകൃതി സംരക്ഷണവും കൈകോർക്കുന്ന ഇത്തരം വിപ്ലവാത്മക പദ്ധതികൾ രാജ്യത്തുടനീളമുള്ള മറ്റ് പൊതു ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അഷ്ഗാൽ ലക്ഷ്യമിടുന്നത്.











